ക്യാൻസർ വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്…

ഈ കാലഘട്ടത്തിലെ ഏറ്റവും മാരകമായ ഒരു അസുഖമാണ് ക്യാൻസർ അഥവാ അർബുദം. അനിയന്ത്രിതമായ കോശവളർച്ചയും കലകൾ നശിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഇത്. ഓരോ വർഷവും നല്ലൊരു ശതമാനം ജനങ്ങൾ ക്യാൻസർ രോഗത്തിന് അടിമപ്പെടുന്നു. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെങ്കിലും ദിവസം തോറും ക്യാൻസർ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് കാണുന്നത്.

തെറ്റായ ജീവിതരീതിയാണ് പ്രധാനമായും ക്യാൻസറിന്റെ കാരണമാകുന്നത്. ഈ രോഗാവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ക്യാൻസർ വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് പുകവലി. ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, മൂത്രാശയം, വൃക്ക, പാൻക്രിയാസ് എന്നീ അവയവങ്ങളിൽ ക്യാൻസറുകളിൽ പുകയില പ്രധാന ഹേതുവാണ്. അതുകൊണ്ട് തന്നെ പുകവലി ശീലം ഉള്ളവർ നിർബന്ധമായും അത് ഉപേക്ഷിക്കേണ്ടതുണ്ട്. അമിത മദ്യപാനികളിൽ വിവിധതരത്തിലുള്ള ക്യാൻസർ വരുന്നതിനുള്ള സാധ്യതയും ഏറെയാണ്.

കരളിനെ ബാധിക്കുന്ന ലിവർ സിറോസിസ് ഉണ്ടാകുന്നതിലൂടെ അത് പിന്നീട് ക്യാൻസറിലേക്ക് നയിക്കാനും സാധ്യതയുണ്ട്. മദ്യപാനികളിൽ അന്നനാള ക്യാൻസർ, ശ്വാസകോശ അർബുദം തുടങ്ങിയവയ്ക്കുള്ള സാധ്യതയും ഏറെയാണ്. മാംസാഹാരം നിയന്ത്രിക്കുക, പ്രധാനമായും ബീഫ്, പോർക്ക്, മട്ടൻ തുടങ്ങിയ ചുവന്ന മാംസം നിയന്ത്രിക്കേണ്ടതുണ്ട് ഇവയിൽ ധാരാളം മൃഗകൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ അത് കുടൽ ക്യാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കും.

ഇത് ധാരാളമായി കഴിക്കുന്നത് മൂലമുള്ള പൊണ്ണത്തടിയും ക്യാൻസറിന് വഴിയൊരുക്കുന്നു. എണ്ണയിൽ വറുത്ത ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി കഴിക്കുന്നത് വഴി ശരീരത്തിൽ കൊഴുപ്പുകൾ കൂടുകയും ഈസ്ട്രജൻ ഹോർമോണിന്റെ അളവിൽ വ്യത്യാസം വരുകയും ചെയ്യുന്നു . കൊഴുപ്പ് ഒരു ആപേക്ഷിക അപകടകാരിയായി പ്രവർത്തിക്കുന്നു. ക്യാൻസറിനെ കുറച്ചു കൂടുതൽ അറിയുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.