രാവിലെ ബ്രേക്ക്ഫാസ്റ്റ് വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാം. ഇതിന്റെ കൂടെ കഴിക്കാൻ പ്രത്യേകിച്ച് വേറെ കറികളുടെ ആവശ്യമില്ല. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് അരിപ്പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിനു ചൂടുവെള്ളം ഒഴിച്ച് ഇടിയപ്പത്തിന് മാവ് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക. ശേഷം ഒരു ടീസ്പൂൺ ഓയിൽ കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.
ശേഷം മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് കൈകൊണ്ട് ചെറുതായി പരത്തി ചെറിയ ഇഡലിയുടെ രൂപത്തിൽ ആക്കുക. എല്ലാമാവും ഇതുപോലെ തയ്യാറാക്കുക. അതിനുശേഷം ആവിയിൽ ഒരു 10 മിനിറ്റ് നന്നായി വേവിച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ നല്ലജീരകം ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്തുകൊടുത്ത മൂപ്പിക്കുക.
അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ആവിശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് മുക്കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കുക.
തക്കാളി നല്ലതുപോലെ വെന്ത് വന്നതിനു ശേഷം അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ പാല് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. വിളിച്ചുവരുമ്പോൾ അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചെറിയ ഇഡ്ഡലികൾ ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. വെള്ളമെല്ലാം വറ്റി ഡ്രൈ ആയി വരുമ്പോൾ അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. വീണ്ടും അടച്ചുവെച്ച് വേവിക്കുക. ആവശ്യമെങ്കിൽ മല്ലിയിലയും ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഇറക്കിവെക്കാം രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.