അലങ്കാരത്തിന് മാത്രമല്ല ഔഷധഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യം, കൃഷ്ണകിരീടം…

നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന നല്ല ഭംഗിയുള്ള പൂവാണ് കൃഷ്ണകിരീടം. ഇത് ഒരു പൂവ് മാത്രമല്ല ഔഷധഗുണങ്ങളാൽ സമ്പന്നമായ ഒന്നു കൂടിയാണ്. ഇന്ത്യയിൽ പല സ്ഥലങ്ങളിലായി ഇത് കണ്ടുവരുന്നു. ഇവയെ ഹനുമാൻ കിരീടം, പെരു, കൃഷ്ണ മുടി, ആറുമാസച്ചെടി, കാവടിപ്പൂവ്,പേഗോടാ എന്നിങ്ങനെ പല പേരുകളിലായി അറിയപ്പെടുന്നു. ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ് കൂടുതലായും വളരുന്നത്.

45 സെൻറീമീറ്റർ ഉയരത്തിൽ വരെ ഇതിൻറെ പൂക്കൾ വളരുന്നു. ഓറഞ്ചും ചുവപ്പും ചേർന്ന് നിറത്തിലാണ് ഈ പുഷ്പം കാണപ്പെടുന്നത്. ഏഷ്യാ ഭൂഖണ്ഡത്തിൽ നിന്നാണ് ഈ ചെടിയുടെ ഉത്ഭവം. ജീവശാസ്ത്രത്തിന്റെ നാമകരണ പിതാവ് എന്നറിയപ്പെടുന്ന കാൾ ലിനിയസ് ആണ് ഈ പുഷ്പത്തിന് കുറിച്ച് ആദ്യമായി പരാമർശിച്ചത്. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു വലിപ്പമുള്ള ഇലകൾ ഇതിൻറെ ഒരു പ്രത്യേകതയാണ്.

ഇതിൻറെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കുവാനും ഓണത്തിന് പൂക്കളം ഒരുക്കുവാനും പ്രധാനമായും ഉപയോഗിക്കുന്നു. നിരവധി ശലഭങ്ങളെ ആകർഷിക്കുന്ന ഒന്നു കൂടിയാണിത്. കൃഷ്ണൻറെ കിരീടത്തോട് സാമ്യമുള്ളതിനാലാണ് ഇവയ്ക്ക് കൃഷ്ണ കിരീടം എന്ന പേര് ലഭിച്ചത്. വഴിയോരങ്ങളിലും കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങളിലുമാണ് ഇവ സംൃതമായി വളരുന്നത്. ഇന്ന് നാട്ടിൻപുറങ്ങളിൽ നിന്ന് പോലും ഇവ അപ്രത്യക്ഷമായി കഴിഞ്ഞു.

ചൂടുള്ളതും ഈർപ്പം ഉള്ളതുമായ കാലാവസ്ഥയിൽ വരുന്ന ഇവ ഋതു ഭേദമന്യേ പുഷ്പിക്കുന്ന ഒരു ചെടിയാണ്. വീടുകളിൽ അലങ്കാരത്തിനായി ഈ സസ്യം ഉപയോഗിച്ചുവരുന്നു. ചിത്രശലഭങ്ങൾ വഴിയാണ് പ്രധാനമായും ഈ ചെടിയിൽ പരാഗണം നടക്കുന്നത്. മലേഷ്യയിൽ വിശ്വാസപ്രകാരം മരിച്ചു പോയവരുടെ ആത്മാക്കളെ തിരിച്ചുകൊണ്ടുവരാനും ഈ സസ്യം സഹായകമാകും എന്നാണ് വിശ്വാസം.