ഇന്നത്തെ കാലത്ത് മരുന്നിനും ആശുപത്രിക്കുമായി വരുമാനത്തിന്റെ നല്ലൊരു ഭാഗം ഒരു മലയാളി ചിലവഴിക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ജീവിതശൈലിയിലെ മാറ്റങ്ങൾ തന്നെയാണ്. എന്താണ് ജീവിതശൈലി എന്ന് നാം മറന്നു തുടങ്ങിയ ഈ കാലത്ത് രോഗങ്ങളാണ് അതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നത്. ജീവിതശൈലി രോഗങ്ങൾ പ്രാഥമികമായി ദൈനംദിന ശീലങ്ങളെ അടിസ്ഥാനമാക്കിയുള്ള രോഗങ്ങളാണ്.
പ്രവർത്തനത്തിൽ നിന്ന് ആളുകളെ വ്യതിചലിപ്പിക്കുകയും ഉദാസീനമായ ദിനചര്യയിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ശീലങ്ങൾ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി തീരുന്നു. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവുമാണ് പ്രധാനമായും ഇത്തരം രോഗങ്ങളിലേക്ക് നയിക്കുന്നത്. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ ആയിരുന്നു കൂടുതലായും ജീവിതശൈലി രോഗങ്ങൾ കണ്ടിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഇത്തരം രോഗങ്ങൾ വ്യാപകമാകുന്നു.
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതഭാരം, പുകവലി, പോഷകാഹാര കുറവ് തുടങ്ങിയവയെല്ലാമാണ് അനാരോഗ്യത്തിന് കാരണമാകുന്നത്. ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അർബുദം, എന്നിങ്ങനെ ജീവിതശൈലി രോഗങ്ങളുടെ എണ്ണം ദിനംതോറും വർദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നതിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഒരു പരിധിവരെ ഇത്തരം രോഗങ്ങളെ പിടിച്ചു നിർത്തുവാൻ സാധിക്കും.
പോഷകസമൃദ്ധമായ ആഹാര ശീലം ഉറപ്പുവരുത്തേണ്ടത് ഉണ്ട്. ശാരീരിക ആരോഗ്യത്തിനു പുറമേ മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകുക. ശരീരഭാരം ആരോഗ്യകരമായി നിലനിർത്തിയാൽ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ തടയാൻ സാധിക്കും. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ് ഡ്രിങ്ക്സും അമിതമായ മദ്യപാനവും പുകവലിയും ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണങ്ങളിൽ പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണുക.