ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. ഭക്ഷണ ക്രമീകരണത്തിലെ അശാസ്ത്രീയമായ സമീപനമാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന അധിക കലോറി വ്യായാമങ്ങളിലൂടെയും മറ്റും ഉപയോഗപ്പെടാതെ വരുമ്പോൾ അത് കൊഴുപ്പായി പരിവർത്തനപ്പെടുകയും ശരീരത്തിൽ തന്നെ അടിഞ്ഞു കൂടുകയും ചെയ്യുന്നു.
ഇതുമൂലം ത്വക്കിന്റെ അടിയിൽ കൊഴുപ്പിന്റെ ഒരു ആവരണം തന്നെ രൂപപ്പെടുന്നു. തെറ്റായ ഭക്ഷണരീതിക്ക് പുറമേ വ്യായാമ കുറവ്, ദീർഘനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുക, ജീവിതശൈലിയിലെ മാറ്റം, ചില രോഗങ്ങൾ, ജനിതക കാരണങ്ങൾ, പാരിസ്ഥിതികമായ കാരണങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടുതന്നെ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രം ഇത് ഭേദപ്പെടുത്തിയെടുക്കുവാൻ സാധിക്കുകയില്ല.
അമിതവണ്ണം ഒരു ബുദ്ധിമുട്ടേറിയ ശാരീരിക അവസ്ഥയാണ് ഇതുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ അളവ്, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, പിത്താശയ രോഗങ്ങൾ, ആമാശയ സംബന്ധിച്ച രോഗങ്ങൾ, സന്ധികളിലെ തേയ്മാനം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ, ചിലതരം ക്യാൻസറുകൾ തുടങ്ങിയവയെല്ലാം അമിതവണ്ണത്തിന്റെ പ്രത്യാഘാതം മൂലം പിടികൂടുന്ന രോഗങ്ങളാണ്.
ഇത്തരം സങ്കീർണമായ രോഗാവസ്ഥകളിൽ നിന്ന് അതിജീവിക്കാൻ ശാസ്ത്രീയമായ രീതിയിൽ ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്. ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ അമിതവണ്ണത്തിൽ നിന്നും രക്ഷനേടാൻ സാധിക്കും. ശാരീരികമായ അധ്വാനം ഇല്ലാത്ത അവസ്ഥയെ അതിജീവിക്കുക എന്നതും പ്രധാനമാണ്. ഓരോ വ്യക്തികളുടെയും ശാരീരികമായ അവസ്ഥകളും രോഗ സംബന്ധമായ അവസ്ഥകളും വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ഭക്ഷണ ക്രമീകരണത്തിൽ വളരെയേറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വ്യായാമം ദിനചര്യയുടെ നിർബന്ധിത ഭാഗമായി ഉൾപ്പെടുത്തുക. കൂടാതെ ആരോഗ്യപൂർണമായ മനോഭാവം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.