ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. ഇത് വേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടും. അത് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നീ രോഗവസ്ഥകളുടെ പ്രധാന കാരണം കൊളസ്ട്രോൾ ആണ്. ജീവിതശൈലിയിലെ പല മാറ്റങ്ങളും കൊളസ്ട്രോൾ ചെറുപ്പക്കാർക്കിടയിലും കുട്ടികൾക്കിടയിലും വ്യാപകമായി കാണുന്നതിന് കാരണമാകുന്നു.
ഭക്ഷണം ഇതിലെ പ്രധാന ഒരു ഘടകമാണ്. വറുത്തതും പൊരിച്ചതും അനാരോഗ്യകരവുമായ ചില ഭക്ഷണങ്ങളെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ ഭക്ഷണത്തിൽ 20 ശതമാനം മാത്രമാണ് കൊഴുപ്പായി എത്തുന്നത്. ബാക്കിയുള്ള 80 ശതമാനവും ലിവർ ഉത്പാദിപ്പിക്കുന്നു. ശരീരത്തിൽ കൂടുതലായി കാർബോഹൈഡ്രേറ്റുകൾ എത്തുമ്പോൾ മുഴുവനും ഊർജ്ജമായി മാറാത്ത അവസ്ഥയിൽ അവ ഫാറ്റാക്കി ശരീരത്തിൽ തന്നെ സൂക്ഷിക്കപ്പെടുന്നു.
അതുകൊണ്ടുതന്നെ കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഭക്ഷണം പ്രമേഹത്തിന് മാത്രമല്ല കൊളസ്ട്രോൾ വർദ്ധിക്കുന്നതിനും കാരണമാകുന്നു. കൊളസ്ട്രോൾ കുറയണമെങ്കിൽ പെട്ടെന്ന് ശരീരത്തിൽ അലിഞ്ഞു ചേരാത്ത ഭക്ഷണങ്ങൾ കഴിക്കണം. കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുമ്പോൾ ഹൃദ്രോഗം, വാത രോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവ ഉണ്ടാകുന്നു.
കൊളസ്ട്രോൾ നില കൂടി നിന്നാൽ 10 വർഷത്തിനുള്ളിൽ ഹാർട്ട് അറ്റാക്കിനോ സ്ട്രോക്കിനോ ഉള്ള സാധ്യത വർദ്ധിക്കും. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കക്കാർക്ക് ജീവിതശൈലിയിലെ ക്രമീകരണങ്ങളിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കാം. ഇതിനൊപ്പം തന്നെ രക്തസമ്മർദ്ദവും പതിവായി നോക്കേണ്ടതുണ്ട്. ഇവ രണ്ടും ഉയർന്നു നിന്നാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ കാണുക.