പുതുതലമുറയ്ക്ക് അത്ര പരിചിതമില്ലാത്ത ഒന്നാണ് എണ്ണ തേച്ചു കുളി. എണ്ണ തേച്ചു കുളിയുടെ പ്രയോജനങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല എന്നതാണ് വാസ്തവം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എണ്ണ തേച്ച് മസാജ് ചെയ്താൽ പല ആരോഗ്യഗുണങ്ങളും നമുക്ക് ലഭിക്കും. ദിവസവും എണ്ണ തേച്ചു കുളിച്ചാൽ വാത സംബന്ധമായ രോഗങ്ങളെ തടയാൻ സാധിക്കും.
നല്ല ആരോഗ്യവും കാന്തിയും നിറഞ്ഞ ഒരു ശരീരം നിലനിർത്തുന്നതിന് എണ്ണ വഹിക്കുന്ന പങ്ക് വലുതാണ്. എണ്ണയുടെ ഗുണം രോമകൂപാധികളിൽ കൂടി ശരീരം എങ്ങും വ്യാപിച്ച് പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു. ഉറക്കം, ദീർഘായുസ്സ്, കണ്ണിനു ശോഭ, തൊലിക്ക് ഉറപ്പും മാർദ്ദവവും, ശരീരപുഷ്ടി, ദേഹത്തിനു ഉറപ്പ് ഇവയെല്ലാം പോകുന്നതിന് എണ്ണ തേച്ചു കുളി ഗുണം ചെയ്യും.
ദിവസവും എണ്ണ തേച്ചു കുളിക്കാൻ സാധിച്ചില്ലെങ്കിലും എണ്ണ കാലിൽ പുരട്ടുകയും തലയിൽ തേക്കുകയും ചെവിക്കുള്ളിലേക്ക് ഒഴിക്കുകയും ചെയ്യാവുന്നതാണ്. കാലിനടിയിൽ എണ്ണ തേക്കുന്നത് കൊണ്ട് ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ആകും. വരൾച്ച, കാലിന്റെ പരുപരുപ്പ്, ഉറക്കമില്ലായ്മ, രൂക്ഷത, തരിപ്പ് ഇവയെല്ലാം ശമിക്കുകയും കാലുകൾക്ക് ബലവും ഭംഗിയും സ്ഥിരതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കാലിലുണ്ടാകുന്ന വിള്ളൽ മാറുന്നതിന് സഹായകമാകും. കണ്ണിന് നല്ല കാഴ്ച ലഭിക്കുന്നതിനും ഇത് സഹായകമാണ്. നല്ല ഉറക്കവും ശരീരത്തിന് സുഖവും ഉണ്ടാകും. തലയിൽ എണ്ണ തേച്ചാൽ കഷണ്ടിയും നരയും വരില്ല. മുടികൊഴിച്ചിൽ പൂർണ്ണമായും ഇല്ലാതാകും. ദിവസവും എണ്ണ തേക്കുന്നതിലൂടെ കറുത്ത ഇടതൂർന്ന മുടികൾ വളരുന്നു. എണ്ണ തേച്ചു കുളി നിത്യ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുക.